കൊച്ചിയില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് അമ്മയും മകളും

single-img
18 March 2019

കൊച്ചി എളമക്കരയില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല കവര്‍ന്ന രണ്ടു പേര്‍ അറസ്റ്റില്‍. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ജിജി, മകള്‍ വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

വടക്കന്‍ പറവൂര്‍ സ്വദേശികളായ എളമക്കര താന്നിക്കല്‍ സ്വദേശി ഷണ്‍മുഖന്റെ ഭാര്യ രാജമ്മാളിന്റെ ഒന്നര പവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു. എണ്‍പത്തിമൂന്നുകാരിയായ രാജമ്മാള്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആവശ്യപ്പെട്ടു. അതിനിടെ ജനലില്‍ കൂടി കൈയിട്ട് കഴുത്തിലെ മാല തട്ടിയെടുക്കുകയായിരുന്നു. മോഷ്ടിച്ച മാല ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.