ബിജെപി കേന്ദ്രങ്ങളെ അമ്പരപ്പിച്ച് മോദിയുടെ വരാണസിയിലേക്ക് പ്രിയങ്കയുടെ ‘ഗംഗായാത്ര’ തുടങ്ങി; ‘ദഹിപ്പിക്കൂ മോദിയുടെ ലങ്ക’യെന്ന് പ്രവര്‍ത്തകര്‍

single-img
18 March 2019

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗായാത്രക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ഗംഗ നദിയിലൂടെ ബോട്ടില്‍ മൂന്ന് ദിവസം നീളുന്നതാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരണാസിയിലെ പൊതുപരിപാടിയോടെ ഗംഗ യാത്ര അവസാനിക്കും. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും ത്രിവേണി സംഗമത്തിലും പൂജ നടത്തിയാണ് പ്രിയങ്കയുടെ ഗംഗ യാത്ര ആരംഭിച്ചത്.

യാത്രക്ക് മുമ്പായി മുത്തശ്ശി ഇന്ദിരാഗാന്ധി ജനിച്ച സ്വരാജ്ഭവനിലെ റൂമിന്റെ ചിത്രവും മുത്തശ്ശിക്കൊപ്പമുള്ള ഓര്‍മകളും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഞായറാഴ്ച ലഖ്‌നൗവിലെത്തിയ പ്രിയങ്ക യോഗി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന സംഘങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. യാത്രയിലുടനീളം ജനാഭിപ്രായം തേടി സംസ്ഥാന രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തുറന്ന കത്തും പ്രിയങ്ക പുറത്തുവിട്ടു.

”വിശുദ്ധനദിയായ ഗംഗയിലൂടെ ഞാന്‍ എത്തും. ജലമാര്‍ഗവും ബസിലും തീവണ്ടിയിലും നടന്നും ഞാന്‍ വരികയാണ്. സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ് ഗംഗ. അത് ഗംഗയമുന സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഗംഗയ്ക്ക് വിവേചനമില്ല. ഈ ആത്മീയഭൂമിയുമായി എനിക്ക് നേരിട്ട് ബന്ധമുണ്ട്. നിങ്ങളുടെ വേദനകള്‍ അറിയാതെ രാഷ്ട്രീയമാറ്റം സാധ്യമല്ല. അതുകൊണ്ടാണ് നിങ്ങളുടെ വാതില്‍പ്പടിയില്‍ ആത്മാര്‍ഥമായ സംഭാഷണത്തിന് ഞാന്‍ എത്തുന്നത്”പാര്‍ട്ടിയുടെ കാലാളാണ് താനെന്നും പ്രിയങ്ക പറയുന്നു.

2014ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വാഗ്ദാനം ചെയ്ത ഗംഗാ ശുദ്ധീകരണം പ്രിയങ്ക യാത്രയില്‍ ചര്‍ച്ചയാക്കുമെന്നാണ് കരുതുന്നത്. ഗംഗാതീരത്ത് താമസിക്കുന്ന പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ ജനവിഭാഗങ്ങളെ യാത്രയില്‍ അവര്‍ കാണും.
കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായശേഷം രണ്ടാമതും സംസ്ഥാനത്തെത്തിയ പ്രിയങ്ക അനുയായികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും നല്‍കിയ ആവേശം ചെറുതല്ല. ‘ദഹിപ്പിക്കൂ മോദിയുടെ ലങ്ക, സഹോദരി പ്രിയങ്ക, സഹോദരി പ്രിയങ്ക’ എന്ന വാക്കുകള്‍ അലയടിക്കുകയായിരുന്നു ലക്‌നൗവിലെവിടെയും.