കേട്ടാല്‍ ഞെട്ടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെന്ന് ടോം വടക്കനും ശ്രീധരന്‍ പിള്ളയും

single-img
18 March 2019

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് സൂചന നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെപിസിസി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍ അടക്കം ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തൃശൂരില്‍ മത്സരിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വഴങ്ങിയതായി റിപ്പോര്‍ട്ട്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയത്.

ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസും ഒപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറും കൂടി എത്തുന്നതോടെ പൂരനഗരിയില്‍ മല്‍സരം കടുക്കും.

മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും അന്തിമ ധാരണയായി. തൃശൂര്‍, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടി.വി.ബാബു, വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.