ഇത് കേരളമാണ്; രാഷ്ട്രീയത്തിലിറങ്ങാന്‍ പറഞ്ഞവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍; സോഷ്യല്‍ ലോകത്ത് തരംഗമായി മോഹന്‍ലാലിന്റെ മെഗാ ലൈവ്

single-img
18 March 2019

സോഷ്യല്‍ ലോകത്ത് തരംഗമായി മോഹന്‍ലാലിന്റെ മെഗാ ലൈവ്. ഫെയ്‌സ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ നിന്നാണ് ലൂസിഫര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാല്‍ ലൈവിലെത്തിയത്. തല്‍സമയം പതിനയ്യായിരത്തിലേറെ കാഴ്ചക്കാരെയും സ്വന്തമാക്കി ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു ഈ ലൈവ്. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു സംവാദം.

മോഹന്‍ലാല്‍ ലൈവില്‍ വരുന്നത് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിക്കാനാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു താരം. പലരും പറയുന്നത് പോലെ പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഇടമല്ല രാഷ്ട്രീയം, കാരണം ഇത് കേരളമാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

കേരളത്തില്‍ എല്ലാവരും രാഷ്ട്രീയത്തെ നോക്കി കാണുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമയും രാഷ്ട്രീയവും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്. കഴിഞ്ഞ 41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന ആളാണ് ഞാന്‍. എനിക്ക് കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും എനിക്ക് സുഹൃത്തുക്കളായുണ്ട്. എല്ലാവരേയും പോലെ രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളില്‍ വേവലാതി ഉള്ള ആളുകൂടിയാണ് ഞാനെന്നും മോഹന്‍ലാല്‍ പറയുന്നു.

പൃഥ്വിരാജ്, ടൊവിനോ, മഞ്ജു വാരിയര്‍, ആന്റണി പെരുമ്പാവൂര്‍, സുചിത്ര മോഹന്‍ലാല്‍ എന്നിവര്‍ ലൈവിന്റെ ഭാഗമായി. തമിഴ് സൂപ്പര്‍ താരം സൂര്യയും എത്തിയതോടെ ആരാധകരും ആവേശത്തിലായി. കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഈ സംവാദത്തിനെത്തിയത്.

നമ്മള്‍ കാണുന്നതായിരിക്കില്ല ചിലപ്പോള്‍ സത്യം. അതിന്റെ നേര്‍ക്കാഴ്ചയാകും ലൂസിഫറെന്ന് പൃഥ്വിരാജ് ലൈവില്‍ പറഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയ്ക്ക് ഒരെല്ല് കൂടുതലായിരിക്കുമെന്ന് ലാലേട്ടനും ചിരിച്ചു കൊണ്ട് സമ്മതിച്ചു. ഇതോടെ ലൂസിഫറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന്റെ ആഴം കൂട്ടുകയാണ് ഇരുവരുടെയും വാചകങ്ങള്‍.

‘എന്നാച്ച് കണ്ണാടിയെല്ലാം..’ കണ്ണാടിയിട്ട് ലൈവിലെത്തിയ സൂര്യയോട് മോഹന്‍ലാല്‍ അമ്പരപ്പോടെ ചോദിച്ചു. സാര്‍ ഷൂട്ടിങ്ങിനിടെ കണ്ണിന് ചെറിയ പരുക്ക് പറ്റി അതാണ് കണ്ണാടി വച്ചുവന്നത്. തെറ്റായി എടുക്കരുത് സാര്‍. സൂര്യ പറഞ്ഞു. പിന്നീട് മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങളും സൂര്യ ലൈവില്‍ പങ്കുവച്ചു.

ക്യാമറയ്ക്ക് മുന്നിലാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും ലാല്‍ സാറിന്റെ അഭിനയം കണ്ടാല്‍ തോന്നില്ല. ഞങ്ങളൊരുമിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍. ആദ്യം ഷൂട്ട് ചെയ്ത സീന്‍ അദ്ദേഹത്തിന് ഞാന്‍ സല്യൂട്ട് നല്‍കുന്ന ഷോട്ടാണ്. അതില്‍ പരം മറ്റെന്താണ് എനിക്ക്് വേണ്ടത്.

ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ആഗസ്റ്റ് 15ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൂര്യ വ്യക്തമാക്കി. സൂര്യയുമായുള്ള ലൈവ് അവസാനിക്കുമ്പോള്‍ ലാലേട്ടന്റെ സ്‌നേഹത്തോടെയുള്ള ഉപദേശം.’ സൂര്യ.. കണ്ണേ പാത്തിടുങ്കേ..’ അതിനൊപ്പം വശ്യമായ പുഞ്ചിരിയും.

Going Live from Facebook Hyderabad office

Going Live from Facebook Hyderabad office

Posted by Mohanlal on Sunday, March 17, 2019