‘ഇത് കേരളമാണ്, സിനിമാക്കാരനായത് കൊണ്ടുമാത്രം ഇവിടെ രാഷ്ട്രീയത്തിലിറങ്ങാന്‍ കഴിയില്ല’: മോഹന്‍ലാല്‍

single-img
18 March 2019

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കൃത്യമായ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. ഫെയ്സ് ബുക്ക് ലൈവിലായിരുന്നു അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് എത്തിയത്. പലരും പറയുന്നത് പോലെ പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഇടമല്ല രാഷ്ട്രീയം, കാരണം ഇത് കേരളമാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

കേരളത്തില്‍ എല്ലാവരും രാഷ്ട്രീയത്തെ നോക്കി കാണുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമയും രാഷ്ട്രീയവും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്. കഴിഞ്ഞ 41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന ആളാണ് ഞാന്‍. എനിക്ക് കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും എനിക്ക് സുഹൃത്തുക്കളായുണ്ട്. എല്ലാവരേയും പോലെ രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളില്‍ വേവലാതി ഉള്ള ആളുകൂടിയാണ് ഞാനെന്നും മോഹന്‍ലാല്‍ പറയുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ എത്തുമെന്ന രീതിയില്‍ ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് വാര്‍ത്തകള്‍ പരന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപിയ്ക്കായി മത്സരിക്കുമെന്നായിരുന്ന വാര്‍ത്തകള്‍.  ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതോടെയാണ് മോഹന്‍ലാലിന്റെ പേര് തെരഞ്ഞെടുപ്പിനോടൊപ്പം ചേര്‍ത്ത് വച്ചത്.  ദേശീയ മാധ്യമങ്ങളാണ് ആദ്യം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. മോഹന്‍ലാലിനെ മത്സരരംഗത്തിറക്കി വിജയം ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന തരത്തിലെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

https://m.facebook.com/story.php?story_fbid=580463045764762&id=365947683460934&_rdr