ഗോവയില്‍ ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്

single-img
18 March 2019

മനോഹര്‍പരീക്കറിന്റെ മരണത്തിനുപിന്നാലെ ഗോവയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ വീണ്ടും ശക്തമാകുകയാണ്. അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ബിജെപിയും, ഭരണം പിടിക്കുന്നതിനായി കോണ്‍ഗ്രസും തീവ്രശ്രമം തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലമുണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് 14 എംഎല്‍എമാരുമായി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.

തങ്ങള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടതായും സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതായും കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്‌ലേകര്‍ പറഞ്ഞു. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ക്ക് പതിനാല് എം എല്‍ എമാരാണ് ഉള്ളത്. അതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തരണം. ഭൂരിപക്ഷം തെളിയിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചെന്നും ചന്ദ്രകാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗോവയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍കര്‍ മാധ്യമങ്ങളോടു പറഞ്ഞു. പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിജയ് ടെന്‍ഡുല്‍കറെ മുഖ്യമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഇരുപാര്‍ട്ടികളും സമ്മതിച്ചെന്നാണ് സൂചന.

അതേസമയം, പനാജിയില്‍ പൊതുദര്‍ശനത്തിനുവച്ച പരീക്കറുടെ മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലിയര്‍പ്പിച്ചത്. പനാജിയിലെ വസതിയില്‍നിന്ന്, തന്റെ കര്‍മമണ്ഡലമായിരുന്ന ബിജെപി സംസ്ഥാനകാര്യാലയത്തില്‍ എത്തിച്ച പരീക്കറുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

തുടര്‍ന്ന്, കലാ അക്കാദമിയില്‍ പൊതുര്‍ശനം. രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും ബിജെപി നേതാക്കളുമടക്കം അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ട്ടിക്ക് മാത്രമല്ല, രാജ്യത്തിനും തീരാനഷ്ടമാണ് പരീക്കറുടെ വിടവാങ്ങലെന്നും, യഥാര്‍ഥ രാജ്യസേവകനെയാണ് നഷ്ടമായതെന്നും ബിജെപി അധ്യക്ഷന്‍ അമിത്ഷാ അനുശോചിച്ചു.