ഗ്രൂപ്പ് താത്പര്യവും കടുംപിടുത്തവും മാറ്റിവയ്ക്കണമെന്ന് സുധീരന്‍; ഉമ്മന്‍ ചാണ്ടിയോട് അതൃപ്തി അറിയിച്ച് ചര്‍ച്ച നിര്‍ത്തി ചെന്നിത്തല മടങ്ങുന്നു

single-img
18 March 2019

വയനാട് സീറ്റിന്റെ അന്തിമ ചര്‍ച്ചകളില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ എഐ ഗ്രൂപ്പുകള്‍. വയനാട്ടില്‍ ടി. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നിന്നതോടെ അവസാനവട്ട അനുനയ ചര്‍ച്ചകളും പരാജയപ്പെട്ടു. സീറ്റ് വിട്ടുനല്‍കാനാവില്ലെന്നു ചെന്നിത്തല വാദിച്ചു.

ഇതോടെ, തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. നാലു സീറ്റുകളിലെയും തീരുമാനം ഹൈക്കമാന്‍ഡ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വയനാട് സീറ്റിനായി ഉമ്മന്‍ ചാണ്ടി കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്കുശേഷം ചെന്നിത്തല കേരളത്തിലേക്കു തിരിക്കും.

അതിനിടെ, വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ തുടരുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്ത്. ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു.

ഗ്രൂപ്പ് താത്പര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താന്‍ മല്‍സരിക്കേണ്ടെന്ന് 2009ല്‍ തന്നെ തീരുമാനിച്ചിരുന്നു. അന്ന് താന്‍ മല്‍സരരംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.