മുന്നറിയിപ്പുമായി അബുദാബി പോലീസ്

single-img
18 March 2019

അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റ്. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് സുരക്ഷിതമായ ഡ്രൈവിങിനുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തിറങ്ങി. വാഹനമോടിക്കുന്നവര്‍ പോലീസ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവുമ്പോള്‍ നിരത്തുകളിലെ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാക്കണം. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കണം. ഇലക്‌േട്രാണിക് വേഗതാ മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കും.

ഇത് ശ്രദ്ധിക്കണം. കാഴ്ച തീരെ ലഭിക്കാത്ത സാഹചര്യമാണെങ്കില്‍ വാഹനങ്ങള്‍ റോഡിന്റെ വലതുഭാഗം ചേര്‍ത്ത് നിര്‍ത്തണം. ദൂരസ്ഥലങ്ങളിലേക്ക് യാത്രാ പദ്ധതികളുണ്ടെങ്കില്‍ അത്യാവശ്യമല്ലെങ്കില്‍ ഈ സമയത്ത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയും മഴ പെയ്തു. മഞ്ഞും ശീതക്കാറ്റും കാലത്ത് പ്രകടമായിരുന്നു. തിങ്കളാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റിലായിരുന്നു മഴ കൂടുതലായി പെയ്തത്. ചിലയിടങ്ങളില്‍ നേരിയ മഴ മാത്രമാണുണ്ടായിരുന്നത്. തിങ്കളാഴ്ച കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.