മോദിയുടെ മണ്ഡലത്തില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

single-img
17 March 2019

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കണക്കനുസരിച്ച് പോഷകാഹാരക്കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം കുഞ്ഞുങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ നല്ലൊരു പങ്കും നരേന്ദ്രമോദിയും മുഖ്യമന്ത്രി ആദിത്യനാഥും പ്രതിനിധാനം ചെയ്യുന്ന പൂര്‍വ്വാഞ്ചല്‍ മേഖലയിലാണെന്ന് ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാരണാസിയില്‍ ഓരോ മാസവും ചുരുങ്ങിയത് ആറ് കുഞ്ഞുങ്ങളെങ്കിലും ദാരിദ്ര്യവും പോഷകാഹാര കുറവും മൂലം മരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ശൈതത്യകാലത്ത് മാത്രം 100 പേരെങ്കിലും ഇങ്ങനെ മരിച്ചവരിലുണ്ട്. ഇതൊന്നും പക്ഷെ രേഖപ്പെടുത്താനോ അന്വേഷിക്കാനോ ജില്ലാ അധികൃതര്‍ തയാറാവുന്നില്ലെന്ന് സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട ചുമതലയുള്ള ഗ്രാമത്തിലെ അംഗന്‍വാടി അധികൃതരുടെ വീഴ്ചയും ഇക്കാര്യത്തിലുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാരങ്ങള്‍ മറിച്ചു വിറ്റ അംഗന്‍വാടി അധികൃതര്‍ക്കെതിരെ ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ നല്‍കിയ കേസ് പോലീസ് അന്വേഷിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല. അനാവശ്യമായ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നുവെന്ന മറുചോദ്യമായിരുന്നു പോലീസ് ഉയര്‍ത്തിയതെന്നും സന്നദ്ധസംഘടന അംഗങ്ങള്‍ പറഞ്ഞു.

വാരാണസിയില്‍ സാരാനാഥിനു സമീപം ഹര്‍ഷന്‍പൂര്‍ഗ്രാമത്തിലെ കമലേഷ്-രേഖ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള ഓം ആണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങിയത്. വാരാണസിയിലെ ദീന്‍ദയാല്‍ ഉപാധ്യായ ജില്ലാ ആശുപത്രിയിലെ ശിശുക്ഷേമ വിഭാഗത്തില്‍ ഈ കുട്ടിയുടെ കാര്യം ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരം കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ഫണ്ടും പദ്ധതിയും ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.