ഞാന്‍ നീതിനിഷേധത്തിന്റെ ഇര; എന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

single-img
17 March 2019

രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പ്രാദേശിക തലത്തില്‍ വന്‍ പ്രതിഷേധം ഉയരുകയുകയും ചെയ്തു.

പതിനെട്ടുപേര്‍ ഭാരവാഹിത്വം ഉപേക്ഷിച്ച് രാജിവെക്കുമെന്ന് ഡി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ലാ നേൃത്വത്തിലെ പിണക്കമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സുബ്ബയ്യ റേയെ ഒഴിവാക്കാന്‍ കാരണമെന്നാണ് നേതാക്കളുടെ ആരോപണം. പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെ.പി.സി.സി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി വ്യക്തമാക്കി.

ജില്ലയില്‍ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ന് യോഗം ചേര്‍ന്ന് നേതൃസ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാവും. പാര്‍ട്ടിയില്‍ പ്രതിഷേധവും എതിര്‍പ്പുകളും രൂക്ഷമായതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാനായി കോണ്‍ഗ്രസ് നേതൃത്വം നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എതിര്‍പ്പുള്ള നേതാക്കന്മാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയില്ലെന്നും സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ രാജ് മോഹനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളത്. തന്നെ അംഗീകരിക്കണം പാര്‍ട്ടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് തന്നത് അംഗീകരിക്കാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളത്.

പാര്‍ട്ടിയ്ക്കകത്തോ പുറത്തോ എനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. എതിരെ കേള്‍ക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അങ്ങനെ തന്നെ കാണാന്‍ സാധിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സുബ്ബറായിയെ കാണും. എന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ സുബ്ബറായിക്ക് സാധിക്കില്ല. സുബ്ബറായിക്ക് തന്നെ ഏറെ താല്‍പര്യമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.