‘നീരവ് മോദി’ക്ക് ട്വിറ്ററില്‍ നന്ദി പറഞ്ഞ് നരേന്ദ്രമോദി; ആഘോഷമാക്കി സോഷ്യല്‍മീഡിയ

single-img
17 March 2019

ശനിയാഴ്ച്ച രാവിലെയാണ് പ്രതിപക്ഷ പ്രചാരണങ്ങളെ നിഷ്ഫലമാക്കാന്‍ വേണ്ടി ‘മേം ഭീ ചൗകിദാര്‍’ ക്യാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തടയിടാന്‍ രാജ്യത്തിന് വേണ്ടി പണിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണ് എന്ന് ക്യാമ്പയിനിലൂടെ മോദി പറഞ്ഞു.

എന്നാല്‍ വായ്പ തട്ടിപ്പു കേസില്‍ ലണ്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ ഫേക്ക് അക്കൗണ്ടും ഇതില്‍ ചേര്‍ന്നതോടെ ക്യാമ്പയ്ന്‍ തിരിച്ചടിക്കുകയായിരുന്നു. അമളി മനസ്സിലാക്കിയതോടെ മോദിയുടെ അക്കൗണ്ടില്‍ നിന്നും ഉടന്‍ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് കൈവശം വെച്ചിരുന്നു നീരവ് മോദിയുടെ അപരന്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കു വെക്കുകയായിരുന്നു.

MainBhiChaukidar എന്ന ഹാഷ് ടാഗ് ഉപയോഗിക്കുന്നവരുടെ പേര് പരാമര്‍ശിച്ച് മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ‘താങ്ക് യൂ’ എന്ന് ഓട്ടേമേറ്റഡ് മെസേജ് വരുന്നുണ്ടായിരുന്നു. ഇതാണ് പൊല്ലാപ്പ് സൃഷ്ടിച്ചത്. വസ്തുത മനസ്സിലാക്കാതെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.

അവിടംകൊണ്ടും തീര്‍ന്നില്ല, ട്വീറ്റ് പിന്‍വലിച്ച ഉടന്‍ പരിഹാസവുമായി എത്തിയത് നീരവ് മോദി എന്ന ആ ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ. ‘സര്‍ താങ്കള്‍ (പ്രധാനമന്ത്രി) എന്റെ ബാങ്ക് ലോണ്‍ എഴുതിത്തള്ളിയെന്ന് ഞാന്‍ കരുതിക്കോട്ടെ’ എന്നായിരുന്നു ട്വീറ്റ്!.

നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നതിന് ആവശ്യമായ രേഖകള്‍ ബ്രിട്ടന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയില്ലെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നീരവ് മോദിയെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു.