മലനട ക്ഷേത്രത്തില്‍ നടവരവായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്

single-img
17 March 2019

ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നടവരവില്‍ ലഭിച്ചത് 101 കുപ്പി വിദേശമദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 ന് നടക്കുന്ന ഉത്സവാഘോഷത്തിന് മുന്നോടിയായി കിട്ടിയ നടവരവിലാണ് ഇത്രയും മദ്യകുപ്പികള്‍ ലഭിച്ചത്.

101 കുപ്പിയും ഓള്‍ഡ് മങ്കിന്റേതാണ്. ചില ക്ഷേത്രങ്ങളില്‍ നിവേദ്യമായി കള്ള് സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ കേരളത്തില്‍ പലയിടത്തും കാണാറുണ്ട്. എന്നാല്‍ വിദേശ മദ്യം സമര്‍പ്പിക്കുന്ന ചടങ്ങ് ഏറെ കൗതുകമുണര്‍ത്തുന്നതാണ്.

കൗരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശളവരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ ക്ഷേത്രങ്ങളുണ്ട്. ഈ 101 പേര്‍ക്കായാണ് 101 കുപ്പി റം ഭക്തര്‍ കാഴ്ചവെക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന്‍ മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി.

അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് ഈ മദ്യസമര്‍പ്പണം ഇപ്പോഴും തുടരുന്നതെന്നാണ് ഐതിഹ്യം. ഇത്തവണ കിട്ടിയ ഓള്‍ഡ് മങ്കിന്റെ കുപ്പികളുടെ ചിത്രം ഉള്‍പ്പെടെ ദീപു എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ക്ഷേത്രത്തിൽ നേർച്ചയായി ലഭിച്ചത് 101 കുപ്പി Old Monk വിദേശ മദ്യം…ഇത്തരത്തിൽ ഉള്ള ആചാരങ്ങൾ ഉള്ളത് കേരളത്തിലെ ഒരേ ഒരു…

Posted by Kiran Deepu NikkisCafe on Friday, March 15, 2019