അനുനയ നീക്കങ്ങള്‍ ഫലം കാണുന്നു; കെ വി തോമസ് ബിജെപിയിലേക്ക് ഇല്ല

single-img
17 March 2019

കോണ്‍ഗ്രസിനോട് ഇടഞ്ഞെങ്കിലും ബിജെപിയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് കെവി തോമസ്. കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുത്ത് നടത്തിയ അനുനയ നീക്കങ്ങള്‍ ഫലം കാണുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കെവി തോമസ് പങ്കുവയ്ക്കുന്നത്. സോണിയാ ഗാന്ധിയെ നാളെ കണ്ട ശേഷം ഭാവി തീരുമാനിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ കെവി തോമസ്.

ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പറഞ്ഞ തോമസ്, തനിക്കായി ബിജെപി ഒന്നും വച്ചുനീട്ടിയിട്ടില്ലെന്നും പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡന്‍ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാനും രമേശ് ചെന്നിത്തലയും ലീഡറുടെ ശിഷ്യരാണ്. രമേശിനോടു ദേഷ്യപ്പെടാനും കെട്ടിപ്പിടിക്കാനും എനിക്ക് അധികാരമുണ്ട്. രമേശിനോട് എന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു എന്നു മാത്രം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയോട് എനിക്കു കടപ്പാടുണ്ട്. എന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. എനിക്ക് പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ട്- കെ.വി. തോമസ് പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ എന്നോടു പാര്‍ട്ടി കാണിച്ചിട്ടുള്ള സ്‌നേഹം വലുതാണ്. ഇതുവരെ എന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളു. ഇപ്പോഴാണ് അത് തുറന്നുപറയേണ്ടിവന്നത്. എന്നോടുള്ള പെരുമാറ്റം ശരിയായെന്നു തോന്നിയില്ല. അതുകൊണ്ടാണ് തുറന്നുപറഞ്ഞത്. രാഷ്ട്രീയപരമായി എന്റെ പ്രതിബദ്ധത പാര്‍ട്ടിയോടാണ്. എന്റെ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ല. ഞാന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല- കെ.വി. തോമസ് പറഞ്ഞു.

എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും അവിടെ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലപാട് മാറ്റത്തിന്റെ ഫലമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും. പിസി ചാക്കോയുമായും കെവി തോമസ് അല്‍പസമയത്തിനകം കൂടിക്കാഴ്ച നടത്തും.