കെ.വി. തോമസും ബിജെപിയിലേക്ക് ?

single-img
17 March 2019

എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എം പിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍. കെ വി തോമസുമായി ചര്‍ച്ച നടത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി. അല്‍പസമയം മുന്‍പാണ് രമേശ് ചെന്നിത്തല കെ വി തോമസിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയത്. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്. കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡും നീക്കം ആരംഭിച്ചു.

അതേസമയം കെ വി തോമസിനെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല കെ വി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

നിലവില്‍ ബിഡിജെഎസ്സിന്റെ പക്കലാണ് എറണാകുളം സീറ്റ്. ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി തോമസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കേന്ദ്രനേതാക്കള്‍ തോമസിനെ ഫോണില്‍ വിളിച്ചത്. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്.

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനനേതാക്കളാരും ഇതുവരെ ഇതില്‍ ഇടപെട്ടിട്ടില്ല. ആവശ്യമെങ്കില്‍ സംസ്ഥാനനേതൃത്വത്തെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുക.

കെ വി തോമസ് ബിജെപി പാളയത്തിലെത്തിയാല്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുമെന്നാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതില്‍ അതൃപ്തിയുമായി രംഗത്ത് വന്ന കെ വി തോമസിനെക്കൂടി ബിജെപി പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.