ഞാന്‍ എന്ത് തെറ്റ് ചെയ്തുവെന്ന് അറിയില്ല, എന്നോടൊന്ന് പറയാമായിരുന്നു: കെ വി തോമസ്

single-img
17 March 2019

എറണാകുളത്ത് സ്ഥാനാർഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കെ.വി. തോമസ് എം.പി. സിറ്റിങ് എം.പി.മാരിൽ തനിക്കുമാത്രം എന്താണ് അയോഗ്യതയെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു.

ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ല, ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ല. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത വ്യക്തിയാണ് താന്‍. മണ്ഡലത്തില‍്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് കെ വി തോമസിന്റെ പ്രതികരണം. താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്ന് കെ വി തോമസ് പ്രതികരിച്ചു.

മുന്നോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. ജനങ്ങള്‍ക്കൊപ്പം ഇനിയും തുടരും. പക്ഷേ ചെറിയൊരു  സൂചന പോലും തരാതിരുന്നത് മോശമായി പോയി. പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു.

“മുതിർന്ന നേതാക്കളുമായൊക്കെ ആശയവിനിയമം നടത്തിയിരുന്നു. ആരും സ്ഥാനാർഥിത്വം ഇല്ലെന്നു പറഞ്ഞില്ല. ഒടുവിൽ തീരുമാനം അറിഞ്ഞപ്പോൾ ഞാൻ നടുങ്ങി. സാധാരണ കോൺഗ്രസ് കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ് ഞാൻ. ഇനിയും ജനങ്ങൾക്കൊപ്പമുണ്ടാവും. ഞാൻ ഡൽഹിരാഷ്ട്രീയം വിട്ടു പോവില്ല.

കൊച്ചിയിലും എറണാകുളത്തും കൊച്ചുഗ്രാമമായ കുമ്പളങ്ങിയിലുമൊക്കെയായി ജനങ്ങൾക്കൊപ്പം ഉണ്ടാവും. ആരോടും പരിഭവമില്ല. ആരെങ്കിലും വഞ്ചിച്ചതായി കരുതുന്നുമില്ല”- അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണോ സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണമെന്നുചോദിച്ചപ്പോൾ താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടുള്ള ആളല്ലെന്നായിരുന്നു മറുപടി. മണ്ഡലത്തിൽ താൻ തുടങ്ങിവെച്ച ഒട്ടേറെ വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. അതൊന്നും പാതിവഴിയിൽ ഉപേക്ഷിക്കാനാവില്ല. താൻ രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാവുമെന്നും കെ.വി. തോമസ് പറഞ്ഞു.