കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ നീക്കവുമായി ഗോവ ബിജെപി

single-img
17 March 2019

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് വീണ്ടും കത്ത് നല്‍കിയ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. ഇന്ന് വൈകീട്ട് എം.എല്‍.എമാരുടെ യോഗം വിളിച്ചുണ്ട്.

എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി തുടങ്ങിയ സഖ്യകക്ഷികളുമായിട്ടും ബി.ജെ.പി ചര്‍ച്ചകള്‍ നടത്തും. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്നംഗങ്ങളും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും മനോഹര്‍ പരീക്കറെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

അതിനിടെ, കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ഗോവ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടകള്‍. നിലവില്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നവരില്‍ മുമ്പന്തിയിലാണ് കാമത്ത്. പാര്‍ട്ടിയും ഘടകകക്ഷികളും ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാമത്ത് ബിജെപിയില്‍ ചേരുന്നതിനായാണ് ഡല്‍ഹിയിലേക്കു പോയിരിക്കുന്നതെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനങ്ങള്‍ ഡല്‍ഹിയില്‍നിന്നായിരിക്കുമെന്നും ലോബോ പറഞ്ഞു. അതേസമയം, കാമത്ത് പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ ഗോവ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ കാമത്ത്, 1994-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2005-ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയതിനു പിന്നാലെയാണ് ഇത്. 2012-ല്‍ കാമത്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.