ഗോവയിൽ സർക്കാർ രൂപവത്കരണത്തിന് കോൺഗ്രസ്സ്

single-img
17 March 2019

ബി.ജെ.പി. എം.എൽ.എ യുടെ മരണത്തെ തുടർന്ന് ഗോവയിൽ സർക്കാർ രൂപവത്കരിക്കുമെന്ന അവകാശവാദമുന്നയിച്ച് ഗവർണർ മൃദുല സിൻഹയ്ക്ക് കോൺഗ്രസ് കത്തെഴുതി. ഫ്രാൻസിസ് ഡിസൂസ മരണപ്പെടുകയും മറ്റ് രണ്ട് എം.എൽ.എ.മാർ രാജിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് ഗോവ നിയമസഭയിൽ അംഗങ്ങളുടെ എണ്ണം 40 ൽ നിന്ന് 37 ആയിരുന്നു. ഈ സാഹചര്യത്തിലാണ് അവകാശവാദവുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കർ ശനിയാഴ്ചയാണ് ബി.ജെ.പി. നയിക്കുന്ന സർക്കാർ പിരിച്ചുവിട്ട് സർക്കാർ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്തയച്ചത്. ബി.ജെ.പി.നേതാവും എം.എൽ.എ.യുമായ ഫ്രാൻസിസ് ഡിസൂസയുടെ നിര്യാണത്തെ തുടർന്ന് ബി.ജെ.പി.യുടെ നേതൃത്വത്തിൽ മനോഹർ പരീക്കർ നയിക്കുന്ന സർക്കാരിന് പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്.

അതോടൊപ്പം തന്നെ സഭയിൽ അവരുടെ ഭൂരിപക്ഷവും നഷ്ടമായി. അതുകൊണ്ട് തന്നെ നിലവിലെ അംഗസംഖ്യയിൽ ഒരു നിമിഷം പോലും ഇനിയും തുടരുന്നത് അനുവദിക്കാൻ സാധിക്കുകയില്ല. ഇപ്പോൾ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന അങ്ങ് ബി.ജെ.പി.നയിക്കുന്ന സർക്കാരിനെ പിരിച്ചുവിട്ട് നിലവിൽ ഭൂരിപക്ഷമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അധികാരം കൈമാറുകയും, സർക്കാർ രൂപവത്കരിക്കാൻ അനുവാദം നൽകണം, ഗവർണറിന് അയച്ച കത്തിൽ പറയുന്നു.

2017 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പതിനേഴ് എം.എൽ.എ.മാരുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ സർക്കാർ രൂപവത്കരിക്കുന്ന സമയത്ത് മൂന്ന് എം.എൽ.എ.മാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് മനോഹർപരീക്കറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഗോവയുടെ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി.എംഎൽഎയുമായിരുന്ന ഫ്രാൻസിസ് ഡിസൂസ ഫെബ്രുവരിയിൽ അന്തരിച്ചിരുന്നു. അമേരിക്കയിൽ അർബുദ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.