‘എന്തിന് ഈ നാടകം’; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്

single-img
17 March 2019

എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസ് എംപിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍. കെ വി തോമസുമായി ചര്‍ച്ച നടത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി. അല്‍പസമയം മുന്‍പാണ് രമേശ് ചെന്നിത്തല കെ വി തോമസിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയത്.

എന്നാല്‍ ചെന്നിത്തലയോട് കെവി തോമസ് പൊട്ടിത്തെറിച്ചു. ‘എന്തിന് ഈ നാടകം’ എന്ന് തോമസ് ചോദിച്ചു. തോമസിനെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കമെല്ലാം പരാജയപ്പെട്ടു. ഒരു ഓഫറും വയ്‌ക്കേണ്ട എന്ന് തോമസ് പറഞ്ഞു. എഐസിസി ഭാരവാഹിത്വവും, യുഡിഫ് കണ്‍വീനര്‍ സ്ഥാനവും, ഹൈബി ജയിച്ചാല്‍ നിയമസഭാ സീറ്റ് വാഗ്ദാനവും ചെന്നിത്തല നല്‍കിയെങ്കിലും തോമസ് വഴങ്ങിയില്ല. പ്രചരണത്തിന് എത്തണമെന്ന ആവശ്യവും തള്ളി.

അതേസമയം, കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമം നടത്തുന്നതിനിടെ അദ്ദേഹത്തെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ ടോം വടക്കനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന

കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃത്വം പക്ഷെ ഇതു സംബന്ധിച്ച് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

സീറ്റ് ചര്‍ച്ചയില്‍ കെ വി തോമസിന്റെ പേര് വരുന്നതില്‍ അസ്വാഭാവികതയൊന്നും ഇല്ല. എറണാകുളത്ത് കെവി തോമസിനെ സ്ഥാനാത്ഥിയാക്കാന്‍ മുതിര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് തോമസുമായി നടത്തുന്ന ചര്‍ച്ചകള്‍ സ്ഥിരീകരിച്ച് ശ്രീധരന്‍ പിള്ള രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

സ്മൃതി ഇറാനി ഇന്നലെയും നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഇന്നും കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൂതന്‍ തന്നെ നേരിട്ട് കെവി തോമസിനെ സമീപിച്ചതായും വാര്‍ത്തയുണ്ട്. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായാല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കെ വി തോമസിന് കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

അതേസമയം, പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേരുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ തോമസിനോട് ചോദിച്ചപ്പോള്‍, ഇല്ലായെന്ന വ്യക്തമായ മറുപടി കെവി തോമസില്‍ നിന്ന് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
‘പാര്‍ട്ടിയുടെ തീരുമാനത്തില്‍ താന്‍ നടുക്കത്തിലാണ്. ഒരു നേതാവ് പോലും സൂചന നല്‍കിയില്ല.

ഭാവികാര്യങ്ങള്‍ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ചു തീരുമാനിക്കും. ബി.ജെ.പി.യിലേക്കു പോവുമോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ബി.ജെ.പി.യും സി.പി.എമ്മും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ട്’, എന്നായിരുന്നു കെവി തോമസിന്റെ മറുപടി. ഇതാണ് ബിജെപി ഉപയോഗപ്പെടുത്തുന്നത്.

കെ.വി. തോമസ് ബി.ജെ.പി.യിലേക്ക് പോകുമെന്ന പ്രചാരണം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പുകഴ്ത്തി എന്നതായിരുന്നു അതിനുകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, പ്രസംഗത്തിന്റെ സാഹചര്യങ്ങള്‍ പാര്‍ട്ടിനേതൃത്വത്തിന് വിശദീകരിച്ച് അന്ന് വിവാദങ്ങളില്‍ നിന്ന് കെ.വി. തോമസ് പുറത്തുകടന്നു.