ചാഴികാടനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നു ജോസഫ്; തോമസ് ചാഴികാടൻ പി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി

single-img
17 March 2019

കേരള കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചതിന്റെ സൂചനയുമായി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴികാടന് വിജയാശംസകൾ നേർന്ന പി ജെ ജോസഫ് താൻ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നൽകി.

പ്രചാരണത്തിൽ നിന്നു ഗ്രൂപ്പ് നോക്കി ആരെയും മാറ്റി നിർത്തരുതെന്നു തോമസ് ചാഴികാടനോട് പി.ജെ. ജോസഫ് നിർദേശിച്ചു. കോട്ടയത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് അറിയിച്ചു. 20 ന് കോട്ടയം മണ്ഡലത്തിലെ കൺവെഷനിൽ പങ്കെടുക്കും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് വേണ്ടിയും പ്രചാരണത്തിൽ സജീവമായിറങ്ങുമെന്ന് പിജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസിൽ മഞ്ഞുരുകിയെന്നും, പി.ജെ. ജോസഫ് പൂർണ പിന്തുണ അറിയിച്ചതായും തോമസ് ചാഴികാടൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയമുറപ്പാണ്. കോട്ടയം മണ്ഡലത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലമെന്നും സ്ഥാനാർഥി പറഞ്ഞു. പിജെ ജോസഫ് നിലപാടിൽ അയവ് വരുത്തിയതോടെ കോട്ടയം ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് കൂടുതൽ ആത്മവിശ്വാസമാണ് ലഭിക്കുന്നത്.

കോട്ടയം സീറ്റിൽ മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ ശ്രമം പാർട്ടി തള്ളിയതിനെ തുടർന്ന് കേരള കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ പാർട്ടിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി പി ജെ ജോസഫ് ഇന്നലെ രംഗത്തെത്തി. കേരള കോൺഗ്രസ് വിട്ട് ഒരു കാര്യത്തിനും തനിക്ക് താൽപ്പര്യമില്ലെന്നും എം പി ആകാൻ പാർട്ടിയെ വിട്ട് കളിക്കാൻ താൻ തയ്യാറല്ലെന്നുമാണ് പി ജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോട്ടയത്തെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പിജെ ജോസഫിനെ വസതിയിലെത്തി സന്ദർശിച്ചത്.