കെ.വി. തോമസിന്റെ ബിജെപി പ്രവേശനം ഒഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

single-img
17 March 2019

കോണ്‍ഗ്രസ് നേതാവും എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസ് ബിജെപിയിലേക്കെന്ന് സൂചന. രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോകാതെ ജനങ്ങള്‍ക്കായി സേവനം നടത്തുമെന്ന കെവി തോമസിന്റെ വാക്കുകളില്‍ ഒളിപ്പിച്ചത് ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

എല്ലാ കാലത്തും അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള വ്യക്തിയാണ് കെവി തോമസ്. പാര്‍ട്ടി അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതിയിലാണ് കെവി തോമസിന് അമര്‍ഷം. തന്നെയൊരു കറിവേപ്പിലയായി എടുത്തുമാറ്റിയെന്നാണ് കെവി തോമസ് പറഞ്ഞത്. പരമാവധി കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്ന് കോണ്‍ഗ്രസിനെ മാനസീകമായി ദുര്‍ബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുമായി നേരത്തെ തന്നെ ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന സൂചനകള്‍ ഡല്‍ഹിയില്‍ പ്രചരിച്ചിരുന്നു. ആ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു കെവി തോമസ്. മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ ആളുകള്‍ ബിജെപിയലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെവി തോമസ് ബിജെപിയിലേക്കെന്ന സൂചനകള്‍ തരുന്നത്.

എന്നാല്‍ സോണിയാഗാന്ധിയുള്‍പ്പടെ ഹൈക്കമാന്റുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ പാര്‍ട്ടി നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് എറണാകുളം പോലൊരു മണ്ഡലത്തില്‍ നിലവിലെ എംപിയായ കെ വി തോമസ് മറ്റൊരു പാളയത്തില്‍ പോയി മത്സരിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമവും നടത്തും. ഇതിനായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി കെ വി തോമസിനെ കണ്ടത്.

ഇതിന് ശേഷം സോണിയാഗാന്ധിയുമായും കെ വി തോമസ് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തിന്റെ പ്രതിനിധിയായി രമേശ് ചെന്നിത്തല തന്നെ കെ വി തോമസിനെ കാണുന്നതും ചര്‍ച്ച നടത്തുന്നതും. അതേസമയം, കെ വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മാന്യമായ ഒരു പദവി തന്നെ കെ വി തോമസിന് പാര്‍ട്ടി നല്‍കും. ഒരു കാരണവശാലും വേറെ ഒരു പാളയത്തിലേക്ക് കെ വി തോമസ് പോകില്ലെന്നും സമുന്നതനായ നേതാവായ അദ്ദേഹം ഉന്നതപദവികള്‍ അലങ്കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നല്ല പദവികളിലൊന്ന് തന്നെ കെ വി തോമസിന് നല്‍കി പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ശ്രമിക്കുന്നത്.