ഒടുവില്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സീറ്റ് മോഹം വെറുതെയാകുന്നു

single-img
16 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം ബിജെപി കേന്ദ്രനേതൃത്വത്തിന് തലവേദനയാകുന്നു. പത്തനംതിട്ട സീറ്റിനായി നാല് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തിലായത്. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ശ്രീധരന്‍ പിള്ള ഉന്നമിട്ടത് പത്തനംതിട്ടയാണ്.

എന്നാല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സര രംഗത്ത് വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ഇതോടെ തൃശൂര്‍ മണ്ഡലം തുഷാറിന് വിട്ട് നല്‍കാന്‍ ബിജെപി നിര്‍ബന്ധിതരാകും. കെ. സുരേന്ദ്രന്‍, എം.ടി.രമേശ്, പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ പത്തനംതിട്ട സീറ്റിനായി ആദ്യം മുതല്‍ തന്നെ ശ്രമിച്ചിരുന്നു.

ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഈ സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതോടെ കേന്ദ്രനേതൃത്വം വെട്ടിലായിരിക്കുകയാണ്. തൃശൂര്‍ അല്ലെങ്കില്‍ പത്തനംതിട്ട എന്നാണ് കെ.സുരേന്ദ്രന്റെ ആവശ്യം. ആദ്യം മത്സരരംഗത്തേക്ക് ഇത്തവണയില്ലെന്ന് പറഞ്ഞ എം.ടി.രമേശ് പത്തനംതിട്ടയിലാണെങ്കില്‍ മാത്രം താന്‍ മത്സരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ന് ചേരുന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഇതോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന.

അതേസമയം കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എംപിയേയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്.

അതിനിടെ, ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി ഘടകം കേന്ദ്രനേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേരില്ല. പട്ടിക തയ്യാറാക്കി കഴിഞ്ഞതിന് ശേഷമാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. ടോം വടക്കന്‍ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.