എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ?; ഇന്നസന്റിനോട് കാവ്യ മാധവന്‍

single-img
16 March 2019

പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇക്കുറി ആശങ്കയില്ലെന്നു നടനും എംപിയുമായ ഇന്നസന്റ്. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ അല്ലാത്തതിനാല്‍ ചിലര്‍ രണ്ടാംകുടിയിലെ മകനെപ്പോലെയാണു കണ്ടത്. പേരിനൊപ്പം ‘സഖാവ്’ കൂടി ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു.

”ഇപ്പോള്‍ വെറും ഇന്നസന്റല്ല, സഖാവ് ഇന്നസന്റ്. ആദ്യം മത്സരിച്ചപ്പോള്‍ കുടമായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം”. എല്‍ഡിഎഫ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കവെ ഇന്നസന്റ് പറഞ്ഞു.

ആദ്യം മത്സരത്തിന് എത്തിയപ്പോള്‍ എന്തു ചെയ്തുവെന്നൊ എന്ത് ചെയ്യുമെന്നൊ പറയാനില്ലായിരുന്നു. എന്നാലിന്ന് 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു പറയാനുണ്ടെന്നും ഇന്നസന്റ് പറഞ്ഞു. ‘അമ്മ’യില്‍ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ചും ഇന്നസന്റ് സൂചിപ്പിച്ചു.

‘ഞാന്‍ പിരിഞ്ഞുപോകുകയാണ്. ഇനി മോഹന്‍ലാല്‍ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയില്‍ നിന്നും ഒരു രൂപ എടുത്താല്‍ അവന് കാന്‍സര്‍ എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവര്‍ മനസ്സില്‍ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവന്‍ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തില്‍ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതാണെന്ന് അവര്‍ക്കെല്ലാം അറിയാം.’–ഇന്നസന്റ് പറഞ്ഞു.

ചാലക്കുടയിൽ ഇന്നസെന്റ് എം പി യുടെ ഒരു തകർപ്പൻ പ്രസംഗം….

Posted by Chentharakam ചെന്താരകം on Friday, March 15, 2019