ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വനിതാ പൊലീസ് ഓഫീസറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

single-img
16 March 2019

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ഖുശ്ബു ജാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടേമുക്കാലോടെ വെഹിലിലുള്ള ഖുശ്ബുവിന്റെ വീടിനു മുന്‍പിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സ്ഥലത്ത് പൊലീസും സൈന്യവും എത്തി പരിശോധന നടത്തുകയാണ്. അക്രമികള്‍ക്കായി പ്രദേശം വളഞ്ഞ് പരിശോധന നടത്തുകയാണ് സൈന്യം. ഒരാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ ആക്രമണം ജമ്മു കശ്മീരിലുണ്ടാകുന്നത്. ഈ മാസം 13ന് പുല്‍വാമയില്‍ ഒരു സംഘം തീവ്രവാദികള്‍ മുന്‍ സൈനികനെ വെടിവച്ച് കൊന്നിരുന്നു.

പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്റെ വീട്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.