ബംഗാളില്‍ ബിജെപിക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ കുറവ്: തുറന്നുപറഞ്ഞ് ബിജെപി അധ്യക്ഷന്‍

single-img
16 March 2019

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ സ്ഥാനാര്‍ഥികളെ ലഭിച്ചിട്ടില്ലെന്ന കാര്യം തുറന്ന് പറഞ്ഞ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍. സംസ്ഥാനത്ത് വിജയ സാധ്യതയുള്ളവരെ കണ്ടുപിടിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്.

കഠിനാധ്വാനം ചെയ്യുന്ന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ബിജെപിക്കുണ്ട്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റും നല്‍കിയിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മറ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്ന നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതില്‍ ബിജെപി നേതാക്കള്‍ അസ്വസ്ഥരാണോ എന്ന ചോദ്യത്തിന് ഞങ്ങളുടെ പാര്‍ട്ടിയില്‍ അങ്ങനെയൊരു അവസ്ഥ ഇല്ലെന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം.

ബിജെപിയിലേക്ക് വന്ന് വികസനത്തിന്റെ ഭാഗമാകന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ എങ്ങനെയാണ് തടയുകയെന്നും ദിലീപ് ഘോഷ് ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.