നാലു ദിവസത്തിനുള്ളില്‍ 453 കോടി നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയില്‍

single-img
16 March 2019

ന്യൂഡല്‍ഹി: ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്‌ക്കേണ്ടിവരും. സ്വീഡീഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് നാഷണല്‍ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് നല്‍കിയില്ലെങ്കിലാണ് ജയിലില്‍ പോകേണ്ടി വരിക.

അതേസമയം, എസ്.ബി.ഐ ഉള്‍പ്പടെയുള്ള ബാങ്കുകളോട് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260 കോടി റിലയന്‍സിന് നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്നും കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഇതും റിലയന്‍സിന് കനത്ത തിരിച്ചടിയാണ്.

ഇക്കാര്യം ആവശ്യപ്പെട്ട് റിലയന്‍സിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ടാക്‌സ് റീഫണ്ട് നേരിട്ട് സ്വീഡിഷ് ടെലികോം കമ്പനിക്ക് കൈമാറണമെന്നാണ് അനില്‍ അംബാനിയുടെ ആവശ്യം. എന്നാല്‍, ഇക്കാര്യം ട്രിബ്യൂണല്‍ നിരസിച്ചു. സ്വീഡിഷ് കമ്പനിക്ക് നല്‍കാനുള്ള 571 കോടിയില്‍ 118 കോടി റിലയന്‍സ് നല്‍കിയിട്ടുണ്ട്.