ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു; ശ്രീധരന്‍ പിള്ള അംഗത്വം നല്‍കി

single-img
15 March 2019

തിരുവനന്തപുരം: കോണ്‍ഗ്രസിന് തിരിച്ചടിയായി കൂടുതല്‍ പേര്‍ ബിജെപിയിലേക്ക്. ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം പത്ത് പേരാണ് ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു.

കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. തത്കാലം പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. ഇന്നലെ ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.