ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

single-img
15 March 2019

ക്രിക്കറ്റ് വാതുവെപ്പ് ആരോപണത്തെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടാവാം. അത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. അതിന് ആജീവനാന്ത വിലക്കല്ല നല്‍കേണ്ടതെന്നും കോടതി വിശദീകരിച്ചു. എന്ത് ശിക്ഷ നല്‍കണമെന്ന് ബി.സി.സി.ഐ വീണ്ടും തീരുമാനിക്കണം. പുതിയ ശിക്ഷ സംബന്ധിച്ച് മൂന്നു മാസത്തിനുള്ളില്‍ ബി.സി.സി.ഐ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബിസിസിസി നിലപാട്. ആറു വര്‍ഷത്തെ ദുരിതത്തിന് അറുതി വരുത്തണമെന്നായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന.

2013ലെ വാതുവയ്പ്പ് കേസില്‍ ഇപ്പോഴും തുടരുന്ന ബിസിസിഐ വിലക്കിനെയാണ് ശ്രീശാന്ത് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിട്ടും പോകാന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ശ്രീശാന്ത് പരാതിപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാന്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബിസിസിസി നിലപാട്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ ശ്രീശാന്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ബിസിസിഐ വാദിച്ചു. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ബിസിസിഐ വിലക്ക് ശരിവച്ചിരുന്നു. തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.