വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ഇനിയും ആളുകളുണ്ടെന്ന് ശ്രീധരന്‍ പിള്ള; പക്ഷേ ചെയ്യില്ല; കാരണം പിള്ളയുടെ സീറ്റ് മോഹം തന്നെ ഇപ്പോള്‍ തുലാസിലാണ്; ചിലപ്പോള്‍ പ്രസിഡന്റ് സ്ഥാനവും തെറിക്കും

single-img
15 March 2019

”കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവില്‍ പെട്ട മൂന്നുപേര്‍ വന്നിട്ടുണ്ട്. ആരൊക്കെയാണ് ഇനി വരുന്നതെന്ന കാര്യം മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ല. വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ധാരാളം നേതാക്കളുണ്ട്. അവരെക്കുറിച്ച് പറയാന്‍ പറ്റില്ല”. ടോം വടക്കന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം ഇതായിരുന്നു.

എന്നാല്‍ ടോം വടക്കന്റെ വരവില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് ആശങ്കയുണ്ടെന്നാണ് വിവരം. വടക്കന്‍ സ്ഥാനാര്‍ഥിയായാല്‍ ധാരണയായ പലരും മാറേണ്ടിവരും. തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിച്ചിട്ടുമില്ല. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലൊന്നില്‍ വടക്കന്‍ സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകും.

മിക്ക മണ്ഡലങ്ങളില്‍ നിന്നും മൂന്നുപേരടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ശനിയാഴ്ച പട്ടിക പ്രഖ്യാപിക്കുമെന്നാണറിയുന്നത്. ചിലയിടങ്ങളില്‍ കേന്ദ്ര കമ്മിറ്റി നേരിട്ട് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചില്ലെങ്കില്‍ മത്സരത്തിനില്ലെന്ന നിലപാടിലാണ് ജന.സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ പരിഗണനയിലുള്ള ഒന്നാം പേരുകാരന്‍ പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയാണ്. ടോം വടക്കന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പത്തനംതിട്ടയില്‍ പിള്ള വിട്ടുവീഴ്ചക്ക് തയാറാകേണ്ടിവരും.

അദ്ദേഹം അതിന് തയാറായില്ലെങ്കില്‍ സുരേന്ദ്രന് സീറ്റില്ലാതാകും. വടക്കന്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായാല്‍ പിള്ളയുടെ വിശ്വസ്തന്മാരിലൊരാളായ എ.എന്‍. രാധാകൃഷ്ണന് സീറ്റ് നഷ്ടപ്പെടും. തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാടിനെ അനുസരിച്ചായിരിക്കും ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കാന്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ഭാരവാഹിത്വം രാജിവെക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.

തുഷാര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തൃശ്ശൂര്‍ സീറ്റ് അദ്ദേഹത്തിന് കൊടുക്കേണ്ടിവരും. സ്വാഭാവികമായും അവിടെ ‘ലാന്‍ഡ്’ ചെയ്യാന്‍’ ഇരുന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സ്ഥലംവിടേണ്ടിവരും. സുരേന്ദ്രന്‍ പിന്നെ മത്സരിക്കാന്‍ എത്തുന്നത് പത്തനംതിട്ടയിലായിരിക്കും. ശബരിമല സമരങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ സുരേന്ദ്രന് അവിടെ ജയിക്കാനാകുമെന്നാണ് പാര്‍ട്ടിയിലെ മുരളീധരവിഭാഗക്കാര്‍ പറയുന്നത്.

എന്നാല്‍ പത്തനംതിട്ടയില്‍ അഭിപ്രായ രൂപവത്കരണം നടത്തിയപ്പോള്‍ അവിടുത്തെ ഭാരവാഹികള്‍ സുരേന്ദ്രന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് മറുവാദക്കാര്‍ സമര്‍ഥിക്കുന്നത്. പിന്നെങ്ങനെ പത്തനംതിട്ട സുരേന്ദ്രന് കൊടുക്കുമെന്നാണ് അവരുടെ ചോദ്യം. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം പ്രതികൂലസാചര്യങ്ങളില്‍ പോലും ബി.ജെ.പി.ക്ക് വോട്ടുകൂട്ടിയ പിള്ളയുടെ നയതന്ത്രജ്ഞതയും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ന്യായമെല്ലാമുണ്ടെങ്കിലും പത്തനംതിട്ട സുരേന്ദ്രന്‍ പിടിച്ചാല്‍ സംസ്ഥാന അധ്യക്ഷന്‍ പിന്നെ എവിടെപ്പോകുമെന്നത് ഒരുചോദ്യമായി നില്‍ക്കുകയാണ്. അതിനിടെ ശ്രീധരന്‍ പിള്ളയുടെ പ്രസിഡന്റ് സ്ഥാനവും തുലാസിലാണ്. കുമ്മനം രാജശേഖരന്റ മടങ്ങിവരവും കെ. സുരേന്ദ്രന്‍ ഉള്‍പ്പെട്ട വിഭാഗം കരുത്താര്‍ജിച്ചതും പിള്ളക്ക് ഭീഷണിയായുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ പിള്ള തെറിക്കാനുള്ള സാധ്യതയും ഏറെയാണ്.