ഇന്ത്യയുടെ ലോകകപ്പ് ഒരുക്കത്തിന് തിരിച്ചടി; മുഹമ്മദ് ഷമിക്കെതിരേ ജാമ്യമില്ല വകുപ്പ്

single-img
15 March 2019

ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ കോല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷമിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആലിപോര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദിന്റെ പേരും കുറ്റപത്രത്തിലുണ്ട്.

കുറ്റപത്രത്തില്‍നിന്ന് താരത്തിന്റെ മാതാപിതാക്കളെയും സഹോദര ഭാര്യയെയും ഒഴിവാക്കി. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിത്. സ്ത്രീധന പീഡനം (സെക്ഷന്‍ 498എ) ലൈംഗികാതിക്രമം (354 എ) എന്നിങ്ങനെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരേ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 22നാണ് കേസ് പരിഗണിക്കുക.

നേരത്തെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു.

കൂടാതെ ഏതാനും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒത്തുകളി ആരോപണം അന്വേഷിച്ച ബി.സി.സി.ഐ ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഐ.പി.എല്ലും ലോകകപ്പും തുടങ്ങാനിരിക്കെ താരത്തെയും ഇന്ത്യന്‍ ടീമിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് പോലീസിന്റെ ഈ നടപടി.