എഐസിസിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ല; 2009 ൽ സോണിയയെ മുന്നിലിരുത്തി വടക്കൻ്റെ സീറ്റുമോഹത്തിന് തടയിട്ടത് കോൺഗ്രസ് നേതാവ് സേനാപതി വേണു

single-img
15 March 2019

ഉടുമ്പന്‍ചോലയില്‍ കഴിഞ്ഞ തവണ എംഎം മണിക്കെതിരെ മത്സരിച്ച സേനാപതി വേണുവിൻ്റെ പ്രസംഗമാണ് 2009 ടോം വടക്കന് കോൺഗ്രസ് കേരളത്തിൽ സീറ്റ് നിഷേധിക്കുവാൻ കാരണമായത്. കോണ്‍ഗ്രസ് നേതാക്കളെല്ലാം സോണിയയുടേയും മറ്റും സ്തുതിപാടകരായി മാറിയ വേദിയിലാണ് ഒരു മലയാളി തനി ഹിന്ദിയില്‍ ഇങ്ങനെ ഒരു പ്രസംഗം നടത്തിയത്.

‘എഐസിസിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ല’ സോണിയ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അണിനിരന്ന വേദിയില്‍ വെച്ചായിരുന്നു സേനാപതി വേണുവിൻ്റെ തുറന്നുപറച്ചിൽ.  2009-ല്‍ തൃശൂരില്‍ മത്സരിക്കാന്‍ കണ്ണുംനട്ടിരുന്ന ടോംവടക്കനെ ഉന്നംവെച്ചായിരുന്നു വേണു ഇത്തരത്തില്‍ പ്രസംഗം നടത്തിയത്‌.

2009 ഫിബ്രവരിയില്‍ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തിലായിരുന്നു ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണുവിന്റെ പലരേയും ഞെട്ടിച്ചപ്രസംഗം നടന്നത്. വേണുവിന്റെ അന്നത്തെ പ്രസംഗമാണ് ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കുന്നതിന് നിമിത്തമായ കാരണങ്ങളിലൊന്ന്.

സീറ്റ് നിഷേധിച്ചതോടെ ടോം വടക്കന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളുമായി കൂടുതല്‍ അകല്‍ച്ചയിലാകുകയായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വടക്കന്‍ പലതവണ ഹൈക്കമാന്‍ഡ് വഴി കേരളത്തില്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിച്ചിരുന്നെങ്കിലും കേരളത്തിലെ നേതാക്കള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.