രണ്ടാമൂഴം: ശ്രീകുമാര്‍ മേനോന് തിരിച്ചടി; ഹര്‍ജി കോടതി തള്ളി

single-img
15 March 2019

‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ (ആര്‍ബിട്രേറ്റര്‍) നിയോഗിക്കണമെന്ന സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതിയും തള്ളിയിരുന്നു.

കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാല്‍ ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായരാണ് കോടതിയില്‍ കേസു നല്‍കിയത്. മധ്യസ്ഥനിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കേസില്‍ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നേരത്തെ എതിര്‍ ഹര്‍ജി നല്‍കിയിരുന്നു.

എംടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി എംടി എഴുതിയ തിരക്കഥ 4 വര്‍ഷം മുന്‍പ് സിനിമയാക്കുന്നതിനായി സംവിധായകന്‍ ശ്രീകുമാര്‍മേനോനെ ഏല്‍പിച്ചിരുന്നു. തിരക്കഥ നല്‍കുമ്പോഴുള്ള കരാര്‍ പ്രകാരം 3 വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 4 വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് സംവിധായകനെതിരെയും നിര്‍മാണക്കമ്പനിക്കെതിരെയും കോടതിയെ സമീപിച്ചത്.