‘ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവല്ല’; തള്ളിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

single-img
15 March 2019

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ വലിയ നേതാവൊന്നുമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി ഒരു ദിവസം പൂര്‍ത്തിയാകുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പുറത്ത് വരുന്നത്. ഛത്തിസ്ഗഡിലെ റായ്പൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വടക്കനെ തള്ളിപ്പറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് രാഹുല്‍ തയാറായില്ല.

നേരത്തെ, വടക്കനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. വടക്കന്‍ ശല്യക്കാരനായിരുന്നെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ടോം വടക്കനെക്കൊണ്ട് വലിയ ശല്യമാണെന്ന് പറഞ്ഞിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ബൈബിളില്‍ പോലും ഇത്തരം മനപരിവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പുല്‍വാമ ഭീകരാക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുന്നു എന്നാണ് രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വടക്കന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തില്‍ വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥി ആയേക്കുമെന്നാണു സൂചന.