പി.ജെ. ജോസഫിന് ബിജെപിയിലേക്ക് ക്ഷണം

single-img
15 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്. ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പിജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും പിജെ ജോസഫ് പങ്കുവയ്ക്കുന്നത്.

അതേസമയം, പിജെ ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് അവര്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങളെ അറിയിച്ചു കഴിഞ്ഞു. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യൂത്ത് കോണ്‍ഗ്രസിനും കടുത്ത എതിര്‍പ്പാണ്.

അതിനിടെ, പി.ജെ. ജോസഫിനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. ബിജെപിയുമായി സഹകരിക്കാന്‍ തയാറുള്ള ഏതു നേതാക്കളെയും സമ്മര്‍ദ്ദ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഏതു നേതാക്കളെയും പാര്‍ട്ടികളെയും സംബന്ധിച്ചാണ് ബിജെപി സംസരിക്കുന്നതെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ നിരവധി നേതാക്കളുമായും പാര്‍ട്ടികളുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇവരില്‍ പല നേതാക്കളും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാണ്. ജോസഫിന്റെ കാര്യത്തില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ബിജെപി തയാറാണ്. രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല, മുരളീധര്‍ റാവു പറഞ്ഞു.