‘രാഷ്ട്രം വീണ്ടും വഞ്ചിക്കപ്പെട്ടു’; ബിജെപിയെ തുറന്നു കാട്ടാന്‍ പ്രചരണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് ഭാരതി

single-img
15 March 2019

ബിജെപി വിരുദ്ധരെ ഒരുകുടക്കീഴില്‍ അണിനിരത്താനുള്ള നീക്കവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവ് അഡ്വ. നിയാസ് ഭാരതി രംഗത്ത്. ‘ഒരു രാഷ്ട്രം വഞ്ചിക്കപ്പെട്ടു ‘എന്ന ഇ ക്യാമ്പയിനിലൂടെ ബിജെപി നടത്തിയ അഴിമതിയും വാഗ്ദാന ലംഘനങ്ങളും വഞ്ചനയും തുറന്നു കാട്ടി ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കാനാണ് നിയാസ് ഭാരതി ലക്ഷ്യമിടുന്നത്.

ബിജെപി വിരുദ്ധരായ സാംസ്‌കാരിക സാഹിത്യകാരന്മാരെയും, ആക്ടിവിസ്റ്റുകളെയും ഉള്‍പ്പെടുത്തി കൊണ്ടാണ് ഓരോ സംസ്ഥാനത്തെയും പ്രചരണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു, ജാമിയ മിലിയ, രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്.

യശ്വന്ത് സിന്‍ഹ, പ്രകാശ് രാജ്, ജിഗ്‌നേഷ് മെഹ്‌വാനി, ശത്രുഖ്‌നന്‍ സിന്‍ഹ, സനൽ കുമാർ ശശിധരന്‍ എന്നിവരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രചാരണത്തിന് വേണ്ടി ബിജെപി യുടെ അഴിമതിയും, വാഗ്ദാന ലംഘനങ്ങളും തുറന്നു കാട്ടാന്‍ www. Indiacheatedagain. com എന്ന വെബ്‌സൈറ്റും രൂപീകരിച്ചിട്ടുണ്ട്.

ബിജെപിയുടെ വര്‍ഗീയ അജണ്ട, വാജ്‌പേയി സര്‍ക്കാറിന്റെ അഴിമതി, മോദി സര്‍ക്കാറിന്റെ വിവിധ മേഖലകളിലെ പരാജയം എന്നിവ ഇതിലൂടെ തുറന്നു കാട്ടാനാണ് ശ്രമം. കാര്‍ഷിക രംഗത്തെയും, വ്യവസായ രംഗത്തെയും തകര്‍ച്ച, നോട്ടു നിരോധനം, സാമ്പത്തിക രംഗത്തെ തകര്‍ച്ച, ദേശീയ സുരക്ഷ അപകടത്തില്‍ ആക്കിയത്, ഗുജറാത്ത് കലാപം, റാഫേല്‍ അഴിമതി, ഇന്ധന വില വര്‍ദ്ധന ഇവയൊക്കെ പ്രചാരണ വിഷയങ്ങളാണ്.

2004ല്‍ പ്രോമോദ് മഹാജന്‍ നേതൃത്വം കൊടുത്ത ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണം എതിര്‍ക്കാനായാണ് അഡ്വ. നിയാസ് ഭാരതി എഐസിസിക്കു വേണ്ടി ‘ഒരു രാഷ്ട്രം വഞ്ചിക്കപ്പെട്ടു ‘എന്ന ഇ ക്യാമ്പയിന് നേതൃത്വം കൊടുത്തത്. മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗാണ് ഇ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. എഐസിസി യുടെ വെബ്‌സൈറ്റിനും, ന്യൂസ് പോര്‍ട്ടലിനും തുടക്കം കുറിച്ചതും നിയാസാണ്.

സുപ്രീം കോടതിയിലും, കേരള ഹൈക്കോടതിയിലും അഭിഭാഷകന്‍ ആയിരുന്ന നിയാസ് മൊത്തത്തിലുള്ള ഭൂമിയുടെ പകുതി, വസ്തുവും വീടുമില്ലാത്തവര്‍ക്കു പകുത്തു നല്‍കി നിര്‍ധനര്‍ക്ക് വീടൊരുക്കുന്ന ശ്രമത്തിലാണ്. എന്‍എസ്‌യുവിന്റെ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ അപൂര്‍വമായി വിജയിച്ച കെഎസ്‌യു ചെയര്‍മാനായിരുന്നു.