‘പാവം എന്റെ വടക്കന്‍; മോദിയെന്ന അഴിമതിക്കാരനെക്കുറിച്ചും, അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയെക്കുറിച്ചും പറഞ്ഞു തന്നത് വടക്കനാണ്’: എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു അദ്ദേഹം; മുല്ലപ്പള്ളി

single-img
15 March 2019

ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെ വമ്പിച്ച പരിവര്‍ത്തനം എന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ടോം വടക്കന് എങ്ങനെയാണ് ഈ മനപരിവര്‍ത്തനമുണ്ടായതെന്ന് എനിക്കറിയില്ല. രണ്ടാഴ്ച മുമ്പുവരെ എന്നെ ബന്ധപ്പെടാന്‍ വേണ്ടി എല്ലാ ശ്രമവും അദ്ദേഹം നടത്തിയിരുന്നു.

‘എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുകള്‍ക്ക് ശല്യമായിരുന്നു അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് അപ്പോയ്‌മെന്റ് കൊടുത്തിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്ക് തൃശൂരില്‍ സീറ്റ് വേണം, വാങ്ങിച്ചേ പറ്റൂ എന്നാണ്. അങ്ങനെയുള്ള മനുഷ്യനുണ്ടായിട്ടുള്ള പരിവര്‍ത്തനം ബൈബിളില്‍പോലും ഇത്തരമൊരു പരിവര്‍ത്തനം ഞാന്‍ വായിച്ചുകേട്ടിട്ടില്ല. വമ്പിച്ച പരിവര്‍ത്തനമാണ്’.

‘ടോമിന്റെ അടുത്തുനിന്നാണ് എനിക്കുപോലും പല വിവരങ്ങളും കിട്ടിയത്. നരേന്ദ്രമോദിയെന്ന ഭീകരനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം നമുക്കറിയാം. നരേന്ദ്രമോദിയെന്ന അഴിമതിക്കാരനെക്കുറിച്ച് പറഞ്ഞത് എനിക്കറിയാം. നരേന്ദ്രമോദിയെന്ന ഈ രാജ്യം കണ്ട ഏറ്റവും വലിയ കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ കുശാഗ്രബുദ്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രികാല സമീപനത്തെക്കുറിച്ചൊക്കെ പറഞ്ഞത് അദ്ദേഹമാണ്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ്. പാവം എന്റെ വടക്കന്‍.’ മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഒരു കക്ഷിക്കും വിട്ടുകൊടുക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

അതേസമയം വേണുഗോപാലിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരുമെങ്കിലും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോയെന്ന് പറയാനാകില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കില്ല. പരമാവധി സീറ്റുകളില്‍ വിജയിക്കുകയെന്ന തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. പി.ജെ ജോസഫുമായും മാണിയുമായും സംസാരിച്ചിരുന്നു. എന്നാല്‍ ജോസഫിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് അന്തിമമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. കെ.സി വോണുഗോപാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ളതുകൊണ്ടാണ്.

അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എല്ലാ സമിതികളിലും അദ്ദേഹം അംഗമാണ്. വേണുഗോപാല്‍ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.