വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനലിന് അരക്കോടി രൂപ പിഴ ചുമത്തി കോടതി; മലബാര്‍ ഗോള്‍ഡിന് വേണ്ടി ഹാജരായത് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ള അഭിഭാഷകര്‍

single-img
15 March 2019

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ സുദര്‍ശന്‍ ടിവി ചാനലിന് പിഴ. കോഴിക്കോട് സബ് കോടതിയാണ് ചാനല്‍ അരക്കോടി രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്. വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ബന്ധമുള്ള ചാനലിനും അതിന്റെ എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എം പി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്.

ബിസിനസ് എതിരാളികള്‍ക്ക് വേണ്ടി ദുരുദ്ദേശത്തോട് കൂടിയും മലബാര്‍ ഗോള്‍ഡിന്റെ ദേശസ്‌നേഹത്തെ ഇകഴ്ത്തുന്ന രീതിയിലുമാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തുവിട്ടതെന്നാണ് മലബാര്‍ ഗോള്‍ഡിന്റെ വാദം. മലബാര്‍ ഗോള്‍ഡിന് വേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. കെ.റീത്ത, അഡ്വ.അരുണ്‍ ക്യഷ്ണ ദാന്‍ എന്നിവരാണ് ഹാജരായത്.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന കമ്പനി നടത്തിയ പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. 2016 ആഗസ്ത് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെക്കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. കോടതി ചെലവുകളടക്കമുള്ള തുകയാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിന് നല്‍കേണ്ടതെന്നാണ് വിധിയില്‍ പറയുന്നത്.