‘ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം’ എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നു എം സ്വരാജ്; ഒരു നേതാവും അങ്ങനെ പറഞ്ഞിട്ടില്ല, സ്വരാജ് കള്ളം പറയുകയാണെന്ന് ഡോ. ഷമ മുഹമ്മദ്

single-img
15 March 2019

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയിലെത്തിയതുമായി  ബന്ധപ്പെട്ട് നടന്ന ടിവി ചര്‍ച്ചക്കിടെ സിപിഎം എംഎല്‍എ എം സ്വരാജിന്റെ ഫലിതം എഐസിസി വക്താവ് ഡോ ഷമ മുഹമ്മദിനെ ദേഷ്യം പിടിപ്പിച്ചു. ‘ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം’ എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞതാണ് ഷമ കാര്യമായി എടുത്തത്.

കള്ളം പറയാന്‍ താന്‍ അനുവദിക്കില്ലെന്ന് ഷമ ചര്‍ച്ചക്കിടെ കയറി ഇടപെട്ടതോടെ സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് പറഞ്ഞ് അവതാരകന്‍ ഇടപെട്ടെങ്കിലും കള്ളം പറയാന്‍ അനുവദിക്കില്ല എന്നാവര്‍ത്തിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.സ്വരാജ് കള്ളം പറയരുതെന്നും ഒരു കോണ്‍ഗ്രസ് നേതാവും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമുള്ള വാദവുമായി ഷമ മുഹമ്മദ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഇടപെട്ടു. ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫലിതമാണ് താന്‍ പറഞ്ഞതെന്ന് സ്വരാജ് വിശദീകരിച്ചു.

മുപ്പതുവര്‍ഷം ചേര്‍ന്നുനിന്ന പ്രത്യയശാസ്ത്രത്തെ വ്യക്തിപരമായ ലാഭത്തിനുവേണ്ടിയാണ് ടോം വടക്കന്‍ തള്ളിപ്പറഞ്ഞതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഏതു നിമിഷവും കോണ്‍ഗ്രസുകാര്‍ക്ക് ചേരാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നായിരുന്നു സ്വരാജിന്റെ മറുപടി. ഇരു പാര്‍ട്ടികളും തമ്മില്‍ പ്രത്യയശാസ്ത്രപരമായി യാതൊരു വ്യത്യാസവും ഇല്ലെന്നും സ്വരാജ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും പേരുകളും എം സ്വരാജ് ചര്‍ച്ചക്കിടെ പരാമര്‍ശിച്ചു. ഫെബ്രുവരി വരെ എണ്‍പത് കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്നും വടക്കനോടൊപ്പം ഇന്ന് പോണ്ടിച്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമാലിനിയും കര്‍ണ്ണാടകയിലെ ബിജെപി നേതാവ് എ മഞ്ജുവും ബിജെപിയിലെത്തിയെന്നും  സ്വരാജ് പറഞ്ഞു.

മൂന്ന് തവണ യുപി മുഖ്യമന്ത്രിയും ഒരു തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആയ എന്‍ഡി തിവാരി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ, യുപി മുഖ്യമന്ത്രി ആയിരുന്ന ജഗദംബിക പാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന നാരായണ്‍ റാണ,  അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എന്നിങ്ങനെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നിരവധി പ്രമുഖരുടെ പേരുകള്‍ എം സ്വരാജ് എണ്ണിപ്പറഞ്ഞു.