കെഎസ്ആര്‍ടിസി ബസുകളിലടക്കം പതിച്ചിരിക്കുന്ന `നാം മുന്നോട്ട്´ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

single-img
15 March 2019

കെഎസ്ആര്‍ടിസി ബസുകളിലടക്കം പതിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.. യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിസി ജോർജിൻ്റെ മകനുമായ ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നല്‍കി.

ബസുകളിലും വെബ്സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഷോണ്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഷോണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം ബസുകളില്‍ സ്ഥാപിച്ചത്. പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോണ്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.