മുൻ പി എസ് സി അധ്യക്ഷനും കോണ്‍ഗ്രസ് സഹയാത്രികനുമായിരുന്ന ഡോ കെഎസ് രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്

single-img
15 March 2019

മുൻ പിഎസ് സി അധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്. 2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനുമായിരുന്നു രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെഎസ് രാധാകൃഷ്ണന്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയെ കടന്നാക്രമിച്ച് രംഗത്ത് എത്തിയത്. ട്വൻ്റി ഫോർ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിജെപിയുമായി സഹകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും. നരേന്ദ്രമോദി അഴിമതിക്കും കള്ളപ്പണത്തിനുമെതരെ നടത്തിയ ഭരണപരമായ ഇടപെടുലുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും ശബരിമല വിഷയത്തില്‍ നിലപാടില്ലായ്മയാണ് കോണ്‍ഗ്രസ് നിലപാടെന്നും ഡോ. കെഎസ് രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം കൊല്ലത്തോ ആലപ്പുഴയിലോ മത്സരിച്ചേക്കും. ശബരിമല യുവതീപ്രവേശന വിഷയം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി കെഎസ് രാധാകൃഷ്ണന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. വീക്ഷണത്തില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന ആള്‍കൂടിയാണ് കെഎസ് രാധാകൃഷ്ണന്‍.