പൊളിഞ്ഞത് മാധ്യമങ്ങളെയടക്കം വിളിച്ചുകൂട്ടി നടത്തിയ ‘നാടകം’; നാണംകെട്ട് ബിജെപി നേതാക്കള്‍

single-img
15 March 2019

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച ബിജെപി നേതാക്കള്‍ നാണംകെട്ടു. തങ്ങള്‍ പണ്ടെ ബിജെപി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്റെ ചെറിയമ്മ ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാര്‍ പ്രതികരിച്ചു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതേക്കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായതുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശ വാദം.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ച് അംഗത്വ വിതരണം നടത്തുകയും ചെയ്തു. വിവരം മാധ്യമങ്ങളെയും നേരത്തെ തന്നെ വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബിജെപി ചടങ്ങിനെത്തിച്ചത്.

അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് സമീപിച്ചപ്പോഴാണ് ബിജെപിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോള്‍ നടത്തിയത് എന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചത്.