ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ന്യൂസിലന്‍ഡിലെ 2 പള്ളികളില്‍ വെടിവയ്പ്പില്‍ 9 മരണം

single-img
15 March 2019

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.

സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയും ഇയാള്‍ വെടിയുതിര്‍ത്തു.

മധ്യ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിന്‍വുഡിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. ഒരാള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സഹായികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പള്ളിയിലേക്ക് ഇപ്പോള്‍ ആരും വരരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ന്യൂസിലന്‍ഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുകളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൂട്ടണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലില്‍ എത്തിച്ചു.

ഇത്രയും ഭയപ്പെടുത്തിയ അനുഭവത്തിലൂടെ ആദ്യമായാണ് കടന്നുപോകുന്നതെന്ന് തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ടീമംഗങ്ങളെല്ലാം സുരക്ഷിതരാണ്. എല്ലാവരും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുക. തമീം ട്വീറ്റില്‍ പറയുന്നു.

‘ദൈവത്തിന് സ്തുതി, മരണത്തില്‍ നിന്ന് ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു’ മുന്‍ ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ മുഷ്ഫിഖുര്‍ റഹീം ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്റെ പ്രതികരണം.

ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് ടീം വെടിവെപ്പുണ്ടായ സമയത്ത് പ്രാര്‍ത്ഥനയ്ക്കായി പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നുവെന്നും ആ സമയത്ത് ഒരു സ്ത്രീ വന്ന് തടഞ്ഞുവെന്നും ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയുടെ ബംഗ്ലാദേശ് കറസ്‌പോണ്ടന്റ് മുഹമ്മദ് ഇസ്‌ലാം റിപ്പോര്‍ട്ട് ചെയ്യുന്നു.

തലനാരിഴക്ക് രക്ഷപ്പെട്ട ടീമംഗങ്ങള്‍ ഹാഗ്‌ലെ പാര്‍ക്കിലേക്ക് ഓടി അവിടെ നിന്ന് ഓവലിലെ ഹോട്ടലിലേക്ക് തിരിച്ചുപോയെന്നും ഇസ്‌ലാം റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍, മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം എന്നിവരടക്കമുള്ള താരങ്ങളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

ഷൂട്ടിങ് നടന്ന പള്ളിക്ക് സമീപമുള്ള ഹാഗ്‌ലി പാര്‍ക്കിലാണ് ബംഗ്ലാദേശും ന്യൂസീലാന്‍ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടക്കുന്നത്. ശനിയാഴ്ച്ചയാണ് ടെസ്റ്റ് തുടങ്ങുക. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ന്യൂസീലന്‍ഡ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.