ഒളിച്ചോടിയതു പതിനെട്ടുകാരനൊപ്പം; പൊലീസ് പിടിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞതു പ്രണയത്തിനു കൂട്ടുനിന്ന സുഹൃത്തിന്റെ പേര്; അഞ്ചാലമൂട് പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

single-img
15 March 2019

18കാരനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കാമുകന് പകരം സുഹൃത്തിന്റെ പേര് പറഞ്ഞത് കൊല്ലത്തെ അഞ്ചാലമൂട് പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. താനാണ് യഥാര്‍ത്ഥ കാമുകനെന്ന് പറയാന്‍ പതിനെട്ടുകാരനും മടി കാണിച്ചതോടെ സുഹൃത്ത് കുടുങ്ങി. പിന്നെ രണ്ടും കല്‍പ്പിച്ച് പൊലീസുകാരുടെ മുന്നില്‍വച്ചുതന്നെ സുഹൃത്ത് അസഭ്യവര്‍ഷവും തുടങ്ങിയതോടെ കമിതാക്കളുടെ തിരക്കഥ മുഴുവനും പൊളിഞ്ഞു.

സംഭവം ഇങ്ങനെ: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പത്തൊന്‍പതുകാരി ഒരാഴ്ച മുന്‍പാണു കാമുകനൊപ്പം വീടുവിട്ടു പോയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കള്‍ വഴിയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിക്കും യുവാവിനും ഒപ്പം സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ സുഹൃത്തുമായി അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു.

സംശയം തോന്നിയ പൊലീസ് ഇരുവരുടെയും വിവാഹം നടത്തി നല്‍കാമെന്നു തമാശയായി പറഞ്ഞതോടെയാണു കാര്യങ്ങളുടെ കെട്ടഴിയുന്നത്. യുവാവും യുവതിയും നിലവിളിയോടെ സത്യം തുറന്നു പറഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടിയത് ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണ്. അയാള്‍ക്കു വിവാഹ പ്രായമാകാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് പിടിച്ചാല്‍ 22 വയസ്സുകാരനായ സുഹൃത്തിനൊപ്പമാണു വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു തീരുമാനം.

ഇത്രയുമായിട്ടും സത്യം തുറന്നു പറയാന്‍ പതിനെട്ടുകാരന്‍ കൂട്ടാക്കിയില്ല. അപ്പോഴാണു സുഹൃത്ത് പൊലീസുകാരുടെ മുന്നില്‍ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാര്‍ഥ കാമുകന്‍ ‘കീഴടങ്ങി’. വൈകിട്ടു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നല്‍കി. പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി.