റിലീസ് ചെയ്ത് 5 വർഷങ്ങൾക്ക് ശേഷം ‘വസന്തത്തിന്‍റെ കനൽവഴികളിൽ’ നാളെ മുതൽ വീണ്ടും തിയേറ്ററുകളിലേക്ക്

single-img
14 March 2019

ഒരിക്കൽ പ്രദർശനത്തിനെത്തിയ വസന്തത്തിന്‍റെ കനൽവഴികളിൽ എന്ന സിനിമ അഞ്ച് ചാർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തുന്നു. സോഷ്യൽ മീഡിയയിൽ ഈ സിനിമയുടെ ട്രെയിലർ/ ഗാനങ്ങൾക്ക് ഇപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ആദ്യം പ്രദർശനത്തിന് എത്തിയപ്പോൾ കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് ആയിരുന്നില്ല. വിശാരദ് ക്രിയേഷൻസിന്‍റെ ബാനറിൽ അനിൽ.വി നാഗേന്ദ്രൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം നാളെ പ്രദർശനത്തിനെത്തും.

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പോരാട്ടചരിത്രത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും വിപ്ലവകാരിയുമായ പി.കൃഷ്ണപിള്ളയുടെ ജീവിതവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അഭിനേതാക്കളുടെ നിരയിൽ സുരഭി ലക്ഷ്മി, സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കൈതപ്രം, പ്രഭാവർമ, അനിൽ വി.നാഗേന്ദ്രൻ എന്നിവരുടെ വരികൾക്ക് വി.ദക്ഷിണാമൂർത്തി, എം കെ.അർജുനന്‍, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ജെയിംസ് വസന്തന്‍, പി കെ മേദിനി, സി ജെ കുട്ടപ്പൻ, എ ആർ രേഹാന, അഞ്ചൽ ഉദയകുമാർ എന്നിവരാണ് സംഗീതമൊരുക്കിയിരിക്കുന്നത്. നാളെ ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിൽ വൈകുന്നേരമാണ് ചിത്രം പ്രദർശിപ്പിക്കുക. നായകൻ സമുദ്രക്കനിയും മറ്റ് താരങ്ങളും വെള്ളിയാഴ്ച തിയെറ്ററുകൾ സന്ദർശിക്കും.