തിരുവല്ലയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ പെൺകുട്ടി മരിച്ചുവെന്ന് പ്രചരിപ്പിച്ചവർ കുടുങ്ങും: വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി

single-img
14 March 2019

തിരുവല്ലയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ടുകൾ. അതേസമയം യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നു പൊലീസ് സൂചന നൽകുന്നു.

തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പിആർ സന്തോഷ് നിയമോപദേശം തേടി. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് തുടർ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാർത്ത വന്ന സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.

പ്രതി അജിൻ റെജി മാത്യു (18)വിനെ കോടതി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോൺ വിളികളാണ് എത്തിയത്.