തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ജാഥാ സ്ഥലവും സമയവും വഴിയും പാർട്ടികൾ മുന്‍കൂട്ടി അറിയിക്കണം : തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

single-img
14 March 2019

തൃശൂർ: തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടമനുസരിച്ച്‌ ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ തുടങ്ങുന്നതിനുളള സമയവും സ്ഥലവും പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. നിശ്ചയിച്ച പരിപാടിയില്‍ സാധാരണഗതിയില്‍ മാറ്റം വരുത്താന്‍ പാടില്ല. പരിപാടിയെപ്പറ്റി സംഘാടകര്‍ പോലീസ്‌ അധികാരികളെ മുന്‍കൂട്ടി വിവരം അറിയിക്കണം. ജാഥ പോകുന്ന പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുളള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ എന്ന്‌ സംഘാടകര്‍ അന്വേഷിച്ചറിയണം. ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നിരോധനങ്ങള്‍ പാലിക്കണം.

ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ ജാഥയുടെ ഗതി നിയന്ത്രിക്കും. സംഘാടകര്‍ മുന്‍കൂട്ടി നടപടിയെടുക്കണം. നീണ്ട ജാഥകളുണ്ടെങ്കില്‍ റോഡ്‌ ജംഗ്‌ഷനുകളില്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ഘട്ടം ഘട്ടമായി ജാഥയെ പോകാന്‍ അനുവദിക്കണം. യോജിച്ച നീളത്തില്‍ ഭാഗങ്ങളായി ജാഥ സംഘടിപ്പിക്കണം. റോഡിന്റെ വലത്‌ ഭാഗം വരുന്ന വിധം ജാഥകള്‍ ക്രമപ്പെടുത്തണം. ഡ്യൂട്ടിയിലുളള പോലീസിന്റെ നിര്‍ദ്ദേശവും ഉപദേശവും കര്‍ശനമായി പാലിക്കണം. രണ്ടോ അതിലധികമോ രാഷ്‌ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഏകദേശം ഒരേ സമയത്ത്‌ ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സംഘാടകര്‍ കാലേക്കൂട്ടി പരസ്‌പരം ബന്ധപ്പെട്ട്‌ ജാഥകള്‍ തമ്മിലുളള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും വേണ്ട നടപടികള്‍ കൈകൊളളണം.

തൃപ്‌തികരമായ തീരുമാനങ്ങളിലെത്തിക്കുന്നതിന്‌ ലോക്കല്‍ പോലീസിന്റെ സഹായം ഉപയോഗപ്പെടുത്തണം. ഇതിനായി എത്രയും നേരത്തെ പാര്‍ട്ടിക്കാര്‍ പോലീസുമായി ബന്ധപ്പെടണം. ആവേശഭരിതരാകുന്ന വേളയില്‍ ചിലര്‍ ദുരുപയോഗപ്പെടുത്തി ചേര്‍ക്കാവുന്ന സാധനങ്ങള്‍ കൊണ്ടുവരുന്ന ജാഥാംഗങ്ങളുടെ മേല്‍ രാഷ്‌ട്രീയ കക്ഷികളോ, സ്ഥാനാര്‍ത്ഥികളോ, പരാമവധി നിയന്ത്രണം ഏര്‍പ്പെടുത്തണം. മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളിലുളള അംഗങ്ങളെയോ അവരുടെ നേതാക്കളയോ പ്രതിനിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതും പരസ്യമായി അവ കത്തിക്കുന്നതും മറ്റു പ്രകടനങ്ങളും രാഷ്‌ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും പ്രോത്സാഹിപ്പിക്കരുത്‌. ഇത്തരം നടപടികള്‍ പെരുമാറ്റച്ചട്ട പ്രകാരം കുറ്റകരമാണെന്ന്‌ കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പിലെ പെരുമാറ്റചട്ടങ്ങളെപ്പറ്റി നാളെ അറിയിപ്പ് പുറപ്പെടുവിക്കും.