നരേന്ദ്രമോദിയുടെ മന്‍കി ബാത്തിന് തിരുവനന്തപുരത്തു നിന്നും ഒരു കേൾവിക്കാരൻ പോലുമില്ല: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി ഓള്‍ ഇന്ത്യ റേഡിയോ

single-img
14 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്ത് പരാജയമെന്ന് ഓള്‍ ഇന്ത്യാ റേഡിയോയുടെ കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമൊന്നും ഈ പരിപാടിയ്ക്ക് വലിയ ശ്രോതാക്കളുണ്ടായിരുന്നില്ലെന്നാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ കണക്കുകള്‍ പറയുന്നത്.മോദിയുടെ മന്‍ കി ബാത്തിന്റെ ശ്രോതാക്കളുടെ കണക്കുകളാണ് ദല്‍ഹിയിലെ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് യൂസഫ് നാഖി തേടിയത്.

2017 ജൂണ്‍ രണ്ടു മുതലാണ് മോദിയുടെ മന്‍കി ബാത്ത് പ്രാദേശിക ഭാഷകളിലും തുടങ്ങിയത്. പരിപാടിയ്ക്ക് പറ്റാവുന്നത്ര ശ്രോതാക്കളെ നേടിയെടുക്കുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ തന്ത്രവും വിജയം കണ്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

2015ല്‍ 30.82% ശ്രോതാക്കളാണ് ഈ പരിപാടിക്കുണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം അത് 25.82% ആയി കുറഞ്ഞു. 2017ല്‍ അത് വീണ്ടും കുറഞ്ഞ് 22.67% ആയി.

നഗരങ്ങളില്‍ ഹിന്ദിയില്‍ സംപ്രേഷണം ചെയ്ത മന്‍കി ബാത്താണ് കൂടുതല്‍ പേര്‍ കണ്ടത്. പാറ്റ്‌നയിലാണ് ഏറ്റവുമധികം ശ്രോതാക്കളുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലും ഈ പരിപാടിക്കില്ലെന്നും കണക്കുകള്‍ പറയുന്നു. ബിജെപി ഭരിച്ചിരുന്ന ഗുജറാത്തിലെ അഹമ്മദാബാദ്, നാഗ്പൂര്‍, ജയ്പൂര്‍, റോഷ്തക്, ഷിംല, ഭോപ്പാല്‍, ജമ്മു എന്നിവിടങ്ങളിലൊന്നും മന്‍കി ബാത്തിന് ശ്രോതാക്കളെ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ നിന്ന് വ്യക്തമാകുന്നത്.