പള്ളിസ്വത്ത് തർക്കം; വിശ്വാസികൾ ബിഷപ്പിനെ മർദ്ദിച്ച് ആശുപത്രിയിലാക്കി

single-img
14 March 2019

പള്ളിസ്വത്ത് തര്‍ക്കത്തിനിടെ ബിഷപ്പിന് വിശ്വാസികളുടെ മര്‍ദ്ദനം. റോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ വരുന്ന തമിഴ്‌നാട് കുഴിത്തുറൈ രൂപതാ ബിഷപ്പ് ജെറോം ദാസ് വരുവേലിനെയാണ് സ്ത്രീകൾ ഉൾപ്പെടയുള്ളവർ മർദ്ദിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 58 പേര്‍ക്കെതിരെ മാര്‍ത്താണ്ഡം പോലീസ് കേസെടുത്തു.

കേരളത്തിൻ്റെ തലസ്ഥാന നഗരിയിൽ നിന്നും 45 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി സ്ഥിതിചെയ്യുന്ന രൂപതയില്‍ രണ്ട് ദിവസം മുന്‍പാണ് സംഭവം. കുഴിത്തുറൈ രൂപതയില്‍ സെന്റ് ജോസഫ്‌സ്, സെന്റ് ആന്റണീസ് ഇടവകകള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബിഷപ്പ് ജെറോമിന്റെ ഉന്നമലായ്കഡായിലുള്ള വസതിയില്‍ ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു വിശ്വാസികള്‍. ഇവിടെവച്ചാണ് പ്രശ്നങ്ങൾ നടന്നത്.

സെന്റ് ആന്റീസ് ഇടവകയില്‍ മർച്ച് എട്ടിന് ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ഏതാനും വൈദികരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പിന്നാലെയാണ് സെന്റ് ജോസഫ് ഇടവകയിലെ ഒരുപറ്റം വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ തമ്പടിച്ച് പ്രതിഷേധിച്ചത്. ഇതിനിടെ ബിഷപ്പ് ഒരു കാറില്‍ സ്ഥലത്തുവന്നിറങ്ങി. ഇതോടെ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ അദ്ദേഹത്തെ ഉപരോധിക്കുകയായിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ വിശ്വസികികളില്‍ ചിലര്‍ ബിഷപ്പിനെ ളോഹയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരന്‍ മനോഹരനും മര്‍ദ്ദനമേറ്റു. സംഘര്‍ഷവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ വിശ്വാസികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.