ടോം വടക്കന്‍ ബിജെപിയിലേക്ക് എത്തിയത് ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല; കോൺഗ്രസിൽ നിന്നും ഇനിയും നേതാക്കള്‍ വരും: കുമ്മനം

single-img
14 March 2019

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയിൽ അംഗത്വം എടുത്തതിനെക്കുറിച്ച്‌ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. ടോം വടക്കന്‍ കോണ്‍ഗ്രസിനെ വിട്ട് ബിജെപിയിലെത്തിയത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ലെന്ന് കുമ്മനം പറഞ്ഞു. പ്രതിപക്ഷ നിരയിൽ ഉള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ടോം വടക്കന്‍റെ ചുവടുമാറ്റമെന്നും കുമ്മനം പറഞ്ഞു. ഇതേപോലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോൾ കുമ്മനം അഭിപ്രായപ്പെട്ടു.

മൂന്ന് ദിവസങ്ങൾക്ക് മുന്‍പ് വരെ കോണ്‍ഗ്രസിനെ ന്യായീകരിച്ച്‌ പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കന്‍ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച്‌ ബിജെപിക്കൊപ്പം പോയതും അംഗത്വം കൈപ്പറ്റിയതും. ഇപ്പോൾ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വടക്കന്‍ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.