കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു; യാത്രഅയക്കാൻ ടി പി സെന്‍കുമാർ എത്തി

single-img
14 March 2019

ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍  കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.

തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും കെട്ടു നിറച്ചാണ് കുമ്മനം ശബരിമലയിലേക്കു പോയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നതിൻ്റെ പിന്നാലെ കുമ്മനം രാജശേഖരൻ്റെ ശബരിമല യാത്ര പ്രധാന്യം അർഹിക്കുകയാണ്.

കുമ്മനത്തിൻ്റെ ശബരിമല യാത്ര വിഷയം സജീവമായി നിലനിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ ഉത്സവത്തിനായി നട തുറന്നിരിക്കുകയാണ് ഇപ്പോള്‍.

ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്ന് കുമ്മനം ചോദിച്ചിരുന്നു.