ശബരിമല പ്രചാരണ വിഷയം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശത്തിന് എതിരെ കൊടിക്കുന്നിൽ സുരേഷ് എംപി

single-img
14 March 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയം തന്നെയെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. സുപ്രീംകോടതിയുടെ ശബരിമല യുവതീ പ്രവേശന വിധി പ്രചാരണായുധമാക്കരുത് എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശത്തിന് എതിരെയാണ് കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയത്.  നേരത്തെ ഇതേ ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

വിശ്വാസത്തിനും വിശ്വാസികള്‍ക്കും മുറിവേല്‍പ്പിച്ചവരെയും ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ കൂട്ടുനിന്നവരേയും ജനമധ്യത്തില്‍ അവവതരിപ്പിക്കേണ്ടത് തന്നെയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സജീവമായ വിഷയം എന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കുന്നതിന് നിയമ തടസമൊന്നുമില്ല. അതേസമയം ശ്രീധര്‍മ ശാസ്താവിന്റെ പേരില്‍ ബിജെപി വോട്ടുപിടിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നതിലെ പരിമിതിയെക്കുറിച്ച് ബിജെപിക്കു നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ലക്ഷ്മണ രേഖ ബിജെപിക്ക് അറിയാം. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.